06/09/2025
സകീർ പാടുന്നു....
മുരളി വാലൂർ എഴുതുന്നു..... 👇
*പാട്ടു പൂത്ത രാവ്*
രാവിൽ പൂ വിടരുമോ എന്നാവും ചോദ്യം. പൂക്കുക മാത്രമല്ല പൂത്തു വിടർന്ന് വസന്തമാവുകയും ചെയ്യും. രാത്രി വിടരുന്ന പൂക്കൾക്ക് വലിയ സുഗന്ധമുണ്ടാവുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അത് ശരിയാണെന്നും തോന്നിയിട്ടുണ്ട് - മുല്ല, പാരിജാതം, കാമിനി, ഗന്ധരാജൻ - എല്ലാത്തിനും മദിപ്പിക്കുന്ന മണമാണ്. രാത്രി വിടരുന്ന പൂക്കളൊക്കെ വെളുത്തതായിരിക്കുമത്രേ. ഇരുട്ടിൽ നിറങ്ങൾക്ക് അസ്തിത്വമില്ലാത്തതാവും കാരണം.
പാട്ടുകൾ പൂത്തതായിരുന്നു ഇന്നലത്തെ ഓണരാവ്. സക്കീറിന്റെ പാട്ടുരാവ്. സക്കീർ പാടുന്നു എന്ന് കേട്ടപ്പോഴേ എന്തായാലും പോകണം എന്നുറപ്പിച്ചിരുന്നു. ആളെ നേരത്തെ അറിയാമായിരുന്നു. ആദ്യമായി ഇറക്കിയ പുസ്തകത്തിന് ഓഡിയോ ചെയ്യാൻ ഒരിക്കൽ ശ്രീകലയുടെയൊപ്പം സക്കീറിന്റെ സ്റ്റുഡിയോയിൽ പോയിരുന്നു. പക്ഷെ അന്നൊന്നും ഇയാൾക്ക് പാട്ടിന്റെ അസ്ക്യതയുണ്ടെന്ന് അറിയില്ലായിരുന്നു. പിന്നീടൊരിക്കൽ അക്ബറിന്റെ മെഹ്ഫിൽ കൂട്ടത്തിൽ സക്കീർ പാടാൻ വന്നിരുന്നു. അന്നത്തെ സായന്തനം മുഴുവനും സക്കീറിന്റെ പാട്ടുകളായിരുന്നു. അന്നാണ് ഞാൻ പുള്ളിയുടെ കട്ട ഫാൻ ആയത്. കുറച്ചു പാട്ടുകൾ പാടിക്കഴിഞ്ഞപ്പോൾ അപ്പുറത്ത് മാറിയിരുന്ന് പാട്ടിനേക്കാൾ ഗംഭീരമായി തബല വായിക്കുന്നു. പിന്നെയും കുറച്ചു കഴിഞ്ഞപ്പോൾ സുന്ദരമായി ഹാർമോണിയം വായിക്കുന്നു. ഇന്നലെ ആരോ പറയുന്ന കേട്ടു ആൾ ഒരു ഗംഭീര ഡ്രമ്മർ ആണെന്ന്. പിന്നെ സൗണ്ട് റെക്കോർഡിസ്റ്റ് ആണ്, സംഗീത സംവിധായകൻ ആണ് - അയാൾ എന്തൊക്കെയല്ല എന്നാണ് എനിക്ക് കൗതുകം തോന്നിയത്.
ദോഹയിലെ എല്ലാ പരിപാടികളുടെയും പൊതു രീതിയാണല്ലോ വൈകിത്തുടങ്ങുക എന്നത്. ദോഹയിലെ മനുഷ്യർ കുറച്ചുകൂടി സമയത്തിന് വിലകൊടുക്കുന്നവർ ആയെങ്കിലെന്നു തോന്നാറുണ്ട്. പരിപാടി നടത്തുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഒരുത്തനും പറഞ്ഞ സമയത്തിന് മണിക്കൂറൊന്നു കഴിയാതെ വരില്ല. കാലിക്കസേരകൾക്കു മുന്നിലെങ്ങിനെ പരിപാടി തുടങ്ങും? എം.എസ്.ടി. (മല്ലു സ്റ്റാൻഡേർഡ് ടൈം) എന്നത് പറഞ്ഞ സമയത്തിൽ നിന്നും ഒരു മണിക്കൂർ കഴിഞ്ഞിട്ടാണെന്നത് ഇപ്പൊ ഇവിടുത്തെ എല്ലാ പരിപാടികളുടെയും തുടങ്ങുന്ന സമയം കണ്ടാൽ അറിയാം. ദോഹയിലെ സൂർത്തുക്കളെ നിങ്ങൾ അൽപ്പം കൂടി നേരത്തെ വീട്ടിൽ നിന്നിറങ്ങണേ. പ്രോഗ്രാം ഷെഡ്യൂൾ ചെയ്യുമ്പോൾ ഇപ്പോൾ എല്ലാവരും ചെയ്യുന്നത് ഏഴരക്ക് തുടങ്ങാൻ ആറരക്ക് പോസ്റ്ററിൽ സമയം വക്കും. നടത്തുന്നവരും കാണുന്നവരും എല്ലാം അതിലേയ്ക്ക് ട്യുൺഡ് ആയി.
സംഗീതം പൂത്തൊരു സായന്തനം തന്നെയായിരുന്നു അത്. രാത്രിയിൽ വിടരുന്ന വെളുത്ത പൂക്കളെപ്പോലെ ഒരു വെളുത്ത കുർത്തയുമിട്ടുവന്നു സക്കീർ പാടി. സംഗീതത്തിന്റെ സുഗന്ധം. ദോഹയിലെ ഏറ്റവും നല്ല സംഗീതാസ്വാദകർ തന്നെയായിരുന്നു സദസ്സ് നിറയെ. മദിപ്പിക്കുന്ന പാട്ടുകളുടെ സുഗന്ധവുമായി ഒരു രാവ്. എല്ലാ പാട്ടുകളും നന്നാവണമെന്നൊന്നുമില്ല. ചില പാട്ടുകളൊന്നും എനിക്കിഷ്ടമായതുമില്ല. ഗസലുകളും ഹിന്ദി ഗാനങ്ങളുമായിരുന്നു കൂടുതൽ ആസ്വാദ്യമായത്. പക്ഷെ, അതൊന്നും മൊത്തത്തിൽ ആ പരിപാടി എനിക്ക് തന്ന അനുഭൂതിയെ കുറക്കുന്നതായില്ല. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതിരിക്കുന്ന കുറച്ചു നിമിഷങ്ങൾ. മൊബൈലിലെ മെസ്സേജുകൾ നോക്കുക പോലും ചെയ്യാത്ത മണിക്കൂറുകൾ. പാട്ടുകൾ മാത്രം. സംഗീതം മാത്രം. മാസ്മരികമായൊരു ലോകത്ത് ഇങ്ങനെ പൊങ്ങിക്കിടക്കുന്ന അവസ്ഥ. ഇത് അവിടെയുണ്ടായിരുന്ന പലരിലും ഏറിയും കുറഞ്ഞും ഇരിക്കും. പക്ഷെ, മായികമായൊരു അനുഭൂതി പാട്ടു കൂട്ടായവർക്കൊക്കെ കിട്ടിയിട്ടുണ്ടാവും എന്നെനിക്കുറപ്പാണ്. ഐ.സി.ബി.എഫ്.-ലെ ഹാൾ ചെറുതായിരുന്നു. തുടങ്ങിയപ്പോൾ കുറച്ചു കസേരകൾ കാലിയായി കണ്ടപ്പോൾ വിഷമമായി. എങ്കിലും വൈകാതെ തന്നെ ഇരിക്കാൻ പോയിട്ട് നിൽക്കാൻ പോലും സ്ഥലമില്ലാതെ ഹാൾ നിറഞ്ഞു. സക്കീറിന്റെ ജനകീയത ആൾക്കാരെ കൂടുതൽ അടുപ്പിച്ചിട്ടുണ്ട്. ഏഴു മണിക്ക് തുടങ്ങിയ പരിപാടിയിൽ പത്തര കഴിഞ്ഞു നോക്കിയപ്പോഴും ഒരു സീറ്റ് പോലും ഒഴിവുണ്ടായില്ല, ഒരാൾ പോലും പോയിട്ടുണ്ടായില്ല. ഈ പാട്ടുരാവിന്റെ ഹൃദ്യത അളക്കാൻ വേറൊരു അളവുകോലെന്തിന്. ഈയിടെ ഒരു പാട്ടു പരിപാടിക്ക് പോയിട്ട് രണ്ടു പാട്ടുകൾ കടിച്ചുപിടിച്ച് കേട്ടിരുന്ന് മൂന്നാമത്തേതും അസഹ്യമായപ്പോൾ ഒരുവിധത്തിൽ പുറത്തുചാടിയത് ഓർമ്മ വന്നു. നാല് മണിക്കൂറൊക്കെ ആളുകളെ പിടിച്ചിരുത്താൻ വലിയ പാടാണ്. 11 മണിക്ക് പരിപാടി കഴിയുമ്പോൾ വൈകി എന്നൊരു തോന്നൽ ആരുടെ മുഖത്തും കണ്ടില്ല. വേണമെങ്കിൽ ഇനിയും പാടാൻ സക്കീറും റെഡിയായിരുന്നപോലെ തോന്നി. പുല്ലാങ്കുഴലിൽ ഉയിരൂതി നിറച്ച ശ്രീകാന്ത് കൊടും മന്ത്രവാദിയാണെന്നു പറയാതെ വയ്യ.
മനുഷ്യരെ തമ്മിൽ അടുപ്പിക്കാൻ സംഗീതത്തിന് വലിയ കഴിവുണ്ടെന്ന് തോന്നിയിട്ടുണ്ട്. പുതിയതായി ഉണ്ടായ മലബാർ ക്ലബ്ബ് അത്ര ചെറിയൊരു കാര്യമല്ല ചെയ്തത് എന്നതിന് സംശയമില്ല. ഇനിയും പാട്ടു പൂക്കുന്ന രാവുകൾ ദോഹക്കു നൽകാൻ മലബാർ ക്ലബ്ബിനാവട്ടെ.
സക്കീറിന് രാത്രി വിരിഞ്ഞ എന്റെ സ്നേഹപ്പൂക്കൾ...
Murali Valoor