14/03/2020
അവഗണിക്കാൻ കഴിയാത്ത ലൊട്ടുലൊടുക്ക് നൂലാമാലകൾ...
ഭൂരിഭാഗം പേരും ഈ മാലയിൽ പെടാത്തവരും രക്ഷപ്പെട്ടവരും ആയിരിക്കട്ടെ എന്ന ആശ്വാസ വിശ്വാസത്തോടെ...
പെട്ട് കിടക്കുന്നവരേയും പെടാൻ കിടക്കുന്നവരേയും അവഗണിക്കാതെ...
അവഗണിക്കാൻ സാധിക്കാത്ത നമ്മുടെ സാമൂഹിക കുടുംബ വൈവിവാഹിക ചുറ്റുപാടുകളും ചട്ടക്കൂടുകളും എങ്ങിനെയാണ് നൂലാമാലകളായി പിണഞ്ഞ് കഴുത്തിൽ ചുറ്റി നമ്മളെ ചുഴറ്റുന്നത്?
സമൂഹത്തോടും കുടുംബത്തോടും മാതാപിതാക്കളോടും നമ്മൾ കാണിക്കുന്ന അഭിനന്ദനീയാർഹമായ പ്രതിബദ്ധത; അതിന് കൊടുക്കുന്ന വിട്ട് വീഴ്ചയ്ക്ക് കിട്ടുന്ന വളരെ മനോഹരമായ ഒരു കൂലിയാണ് ഈ ലൊട്ടുലൊടുക്ക് നൂലാമാലകൾ. പറഞ്ഞു വരുന്നത് ഒരു കുടുംബ ജീവിതം ആരംഭിക്കുന്ന വിവാഹത്തേ കുറിച്ചും അതിന് ശേഷമുള്ള ആ വീട്ടിലെ ഹാർമോണിയൽ വൈബ്രേഷൻ സിനെ കുറിച്ചുമാണ്.
സുന്ദര മനോഹര സംഗീതമാകേണ്ടുന്ന ഈ ജീവിതത്തിൽ എവിടെയാണ് ശ്രുതി പോകുന്നത്, സ്വരം മാറുന്നത്; എവിടെയാണ് താളം തെറ്റുന്നത്...
പല പാശ്ചാത്യ രാജ്യങ്ങളിലും കുടുംബ ജീവിതങ്ങ ങ്ങളിൽ ഈ നൂലാമാലകൾ ഒരു തരത്തിലും കടന്നു വരുന്നില്ല. മാതാപിതാക്കളോടുള്ള അല്ലെങ്കിൽ കുടുംബ പ്രതിബദ്ധത അവിടെ തീരെ കുറവാണ് എന്നതാണതിന് കാരണം. പ്രായപൂർത്തിയായാൽ ഓരോരുത്തരും സ്വന്തം തീരുമാനം സ്വയം തൊഴിൽ കണ്ടെത്തൽ, സ്വയം ജീവിത പങ്കിളിയെ തിരഞ്ഞെടുക്കൽ, ഒറ്റയ്ക്കുള്ള ജീവിതം - ഇതാണ് അവിടത്തെ രീതി - സംസ്കാരം. ലൊട്ടുലൊടുക്ക് നൂലാമാലകളിൽ നിന്ന് നൈസ് സ്കൂട്ട് ...
പാശ്ചാത്യ രാജ്യങ്ങൾ അദ്ഭുതത്തോടെയും ആശ്ചര്യത്തോടെയും വീക്ഷിക്കുന്ന നമ്മുടെ സാംസ്കാരിക മുഖമുദ്രയായ നാനാത്വത്തിൽ ഏകത്ത്വം പോലെ അവരെ ആശ്ചര്യപ്പെടുത്തുന്ന അവർക്ക് അചിന്തനീയമായ സംഗതിയാണ് നമ്മുടെ കുടുംബ പ്രതിബദ്ധത.
അഛനും അമ്മയും കുട്ടികളും ചിലപ്പോൾ മുത്തശ്ശനും മുത്തശ്ശിയും അടങ്ങുന്നതാണ് നമ്മുടെ ഒരു സാധാരണ കുടുംബം. ഈ സംഗീത സദസ്സിലേക്കാണ് തികച്ചും വ്യത്യസ്ഥമായ ഒരു സംഗീത ലോകത്ത് നിന്ന് പുതുമണവാട്ടിയായി ഒരംഗം കടന്നു വരുന്നത്. ഇവിടത്തെ ജഡ്ജ സുമാരായ പ്രഗത്ഭ സംഗീതജ്ഞർ എങ്ങിനെയാണീ പുതു സംഗീതത്തെ സ്വീകരിക്കുന്നത്... എങ്ങിനെയാണീ സദസ്സ് ആസ്വാദകരമാവുന്നത്...
ഒരു തലമുറ മുൻപു വരെ അടുക്കളയധികാരത്തിന്റെ പ്രതീകമായ നിലവറയുടേയും കലവറയുടേയും താക്കോൽ കൂട്ടം അരയിലണിഞ്ഞിരുന്ന കെട്ടിലമ്മമാരുടെ വാലറ്റക്കാരുടേയും അവരുടെ ആഢ്യത്ത്വമൂല്യങ്ങൾ ചോരാതെ പകർന്ന് കിട്ടിയ കൊച്ചമ്മമാരുടേയുമാണീ സദസ്സ്.
സ്വാതന്ത്ര്യമുണ്ടായിട്ടും പൈതൃക സമ്മർദ്ദത്താൽ പാരതന്ത്ര്യം ആസ്വദിച്ചു വളർന്ന, ആൺതുണയുണ്ടെങ്കിലും ഇരുട്ടണയും മുൻപ് വീടണഞ്ഞ് ശീലിച്ച, വീട്ടുജോലിയല്ലാതെ മറ്റൊരു ജോലിയെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലാത്ത അമ്മമാരുടേയാണീ സദസ്സ്.
പൈതൃക മൂല്യങ്ങളും സാമൂഹിക സാമുദായിക ചട്ടക്കൂടുകളും കീഴ് വഴക്കങ്ങളും അണുവിട വ്യതിചലിക്കാൻ ഇട കൊടുക്കാത്ത മൂല്യ സംരക്ഷകരുടേയാണീ സദസ്സ്.
ജനിച്ച നാൾ മുതൽ സ്നേഹമൂട്ടി ആശയും ആഗ്രഹങ്ങളും മനസ്സിൽ നിറച്ച് വിദ്യാഭ്യാസം കൊടുത്ത് വളർത്തിയവന്റെ സ്നേഹം പകുത്ത് പോകുമ്പോൾ, പുതു ബന്ധുവീട്ടിൽ നിന്ന് ആവശ്യത്തിൽ കൂടുതൽ കിട്ടുന്ന സ്നേഹവും പരിഗണനയും പണവും അവൻ ആസ്വദിക്കുമ്പോൾ ഒരൽപം കുശുമ്പും അസൂയയും മനസ്സിൽ കൂട്ടി വയ്ക്കുന്ന മാതാപിതാക്കളുടേതാണീ സദസ്സ്.
സ്നേഹവും വാത്സല്യവും ദേഷ്യവും വെറുപ്പും അനാവശ്യ സംസാരങ്ങളും വികല സങ്കുചിത കാഴ്ചപ്പാടുകളും ലിബറൽ ഇടപെടലും തുടങ്ങി എല്ലാമെല്ലാമായ മനുഷ്യമനസ്സിന്റെ സ്വഭാവ സങ്കീർണ്ണതകൾ പല തരത്തിലും പല തോതിലും നിറഞ്ഞിരിക്കുന്നവരുടെയാകാവുന്ന ഒരു സദസ്സിലേക്ക് ഒരു പുതു അംഗം നവ വധുവായി കടന്നു വരുമ്പോഴുണ്ടാകുന്ന ഉണ്ടായേക്കാവുന്ന അവൾക്കവിടെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ സാധിക്കില്ലേ എന്ന ആധിയാണ് എല്ലാ മാതാപിതാക്കൾക്കും ഉള്ളത്. എങ്ങിനെയാണിത് ലഘൂകരിക്കേണ്ടത്.
എങ്ങിനെയാണ് നിങ്ങൾ ഈ നൂലാമാലകളെ തരണം ചെയ്തത്...
നിങ്ങൾക്കും പറയാനില്ലേ കുറേയേറെ...
നിങ്ങൾ അഭിമുഖീകരിച്ചത്...
നിങ്ങൾക്കു് ചുറ്റും നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്...
സന്തോഷവും സമധാനവും നഷ്ടപ്പെട്ട് മാനസിക പ്രയാസമനുഭവിക്കുന്നവർക്ക് അതൊരു സാന്ത്വനമാവുമെങ്കിൽ, പ്രയാസ ഘട്ടങ്ങൾ തരണം ചെയ്യാൻ അവർക്കൊരു മാർഗനിർദ്ദേശമാവുമെങ്കിൽ...
നിങ്ങൾ പറയൂ...
സ്വന്തം കുടുംബത്തിന് എല്ലാ തരത്തിലും യോജിക്കുന്ന തരത്തിൽ മികവുറ്റ ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുക എന്നത് തന്നെയാണ് പ്രയാസമെങ്കിലും പരമപ്രധാനമായ കാര്യം.
എന്നിരുന്നാലും ഈ കുടുബ സദസ്സിലെ എല്ലാ ലൊട്ടുലൊഴുക്ക് നൂലാമാലകളും പക്ഷേ സ്നേഹത്തിന്റേയും ക്ഷമയുടേയും മുന്നിൽ സാഷ്ഠാംഗം വഴിമാറുമെന്ന കാര്യത്തിൽ സംശയമില്ല.
ഈ നൂലാമാലകൾക്കൊരു പരിഹാരം കാണാൻ മാർഗ നിർദ്ദേശങ്ങൾ നൽകാൻ അനുഭവജ്ഞരായ സാമൂഹ്യ പ്രതിബദ്ധരായ നിങ്ങളല്ലാതെ വേറെ യാർക്കാണ് കഴിയുക...
Best Pair Book
Admin