19/06/2024
വൈന്നേരം സൗധത്തിക്ക് വാ..
മീറ്റിംഗ് ണ്ടാവും...
കോളേജിൽ വന്ന ആദ്യ സമയങ്ങളിൽ ഇത് കേട്ട്ട്ട് കൊറേ ആശ്ചര്യപ്പെട്ടിരുന്നു...
സൗധം!
വൈന്നേരം പോയി നോക്കി.
ഗ്രില്ല് ഇട്ട ഒരു ഇടുങ്ങിയ കോണിപ്പടി കയറി ഒരു ഹാളിലെത്തി.
പച്ചകളർ പെയിന്റടിച്ച ഒരു മുറി.
ചുവരിൽ, ഈ പ്രസ്ഥാനത്തിന്റെ ഒരുപാട് വഴികാട്ടികളുടെ ഫോട്ടോകൾ ഫ്രയിം ചെയ്ത് വെച്ചിരിക്കുന്നു.
കണ്ടാൽ വലിയ ആളനക്കം തോന്നിക്കാത്ത ഒരു ഹാൾ.
അപ്പൊ അതാണ് സൗധം!
പിന്നീട് അങ്ങോട്ട് കാലം ഒരു പോക്കായിരുന്നു.
ഒരുപാട് സായാഹ്നങ്ങളിൽ ആ പച്ചമുറിക്ക് ഞങ്ങൾ ജീവൻ നൽകി. അന്തിയുറങ്ങാൻ ഇടമില്ലാതെ വരുമ്പോൾ അത് ഞങ്ങൾക്ക് വീടായി.
ക്യാമ്പസിലെ ഹരിത വിദ്യാർഥി പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള കൊടുമ്പിരി കൊണ്ട ചർച്ചകൾക്ക് വേദിയാവാറുള്ള ഈയിടം പതിയെ പതിയെ മറ്റെന്തെല്ലാമോ ആയി തീർന്നു.
കോളേജ് ഇലക്ഷൻ സമയങ്ങളിൽ ഊണും ഉറക്കവും സർവതും അവിടെ തന്നെയായി.
ഏറ്റവും അവസാനമായി അവിടുത്തെ പീഠത്തിൽ കൈവച്ച് സംസാരിച്ചപ്പോൾ ഇങ്ങനെ ഇനിയെന്ന് എന്നുള്ള പേരറിയാത്ത എന്തോ ഒരു അവസ്ഥയിലായിരുന്നു.
കാലമെത്രകഴിഞ്ഞാലും ഈയിടവും ഇവിടുത്തെ ഓർമ്മകളും ഖൽബിനെ കുളിരണിയിക്കുമെന്നുള്ളത് തീർച്ചയാണ്!❤️