25/04/2026
തൃശൂർ പൂരം പാർക്കിങ്ങ് സുഗമമാക്കാൻ വഴികാട്ടിയുമായി സിറ്റി പോലീസ്.
തൃശ്ശൂർ പൂരം 2026 നോടനുബന്ധിച്ച് പൂര പ്രേമികൾക്കായി തൃശ്ശൂർ സിറ്റി പോലീസ് ഏർപ്പെടുത്തിയ ഒരു സേവനമാണ് "വഴികാട്ടി" എന്ന ഡിജിറ്റലൈസ്‌ഡ് വെഹിക്കിൾ പാർക്കിംങ് മാനേജ്മെൻറ് സിസ്റ്റം.
ലക്ഷകണക്കിന് ആളുകൾ പങ്കെടുക്കുന്ന തൃശ്ശൂർ പൂരത്തിൻെറ മുഖ്യ പോരായ്മയാണ് വാഹനങ്ങൾ പാർക്ക് പരിമിതി. പാർക്കിങ്ങ് ചെയ്യാനുള്ള സ്ഥലങ്ങൾ കണ്ടെത്തി ലളിതമായി വിരൽതുമ്പിലെത്തിക്കുകയാണ് വഴികാട്ടിയിലൂടെ തൃശ്ശൂർ സിറ്റി പോലീസ്.
തൃശ്ശൂർ പൂരത്തിന് എത്തുന്ന ജനങ്ങളിൽ ഭൂരിഭാഗം പേരും ഇതര ജില്ലക്കാരും, ഇതര സംസ്ഥാനത്തുള്ളവരുമാണ്. അതു കൊണ്ടു തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലം അറിയാത്തതും പാർക്കിംങ് സ്ഥലം കിട്ടിയാൽ തിരികെ പാർക്ക് ചെയ്ത സ്ഥലത്തേക്ക് ഇവർക്ക് എത്തിചേരുവാനുള്ള ആശയക്കുഴപ്പവും വഴികാട്ടിയിലൂടെ പരിഹരിക്കപ്പെടുുന്നു.
തൃശ്ശൂർ പൂരത്തിന് പോലീസ് ഏർപ്പെടുത്തിയ 30 പാർക്കിംങ് സ്ഥലങ്ങൾ ഒരു QR കോഡ് വഴി സിറ്റി പോലീസിൻ്റെ ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം കൂടാതെ മറ്റു മാധ്യമങ്ങൾ വഴിയും 25/04/2026 തിയതി പബ്ലിഷ് ചെയ്യുന്നതാണ്. ഈ QR കോഡ് സ്കാൻ ചെയ്താൽ 30 പാർക്കിംങ് സ്ഥലങ്ങളും അവിടേക്കുള്ള ലൊക്കേഷനും ലഭിക്കുന്നതാണ്. അപ്രകാരം ആ സ്ഥലങ്ങളിൽ പാർക്കു ചെയ്യുന്ന വാഹനങ്ങൾക്ക് സിറ്റി പോലീസ് രൂപകൽപന ചെയ്ത ആൻഡ്രോയിഡ്/ios ആപ്ലിക്കേഷൻ വഴി അവരുടെ വാഹനങ്ങളുടെ നമ്പറും, ഡ്രൈവറുടെ മൊബൈൽ നമ്പറും രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഉടൻ തന്നെ അവരുടെ മൊബൈലിലേക്ക് രജിസ്റ്റർ ചെയ്ത വിവരവും, പാർക്ക് ചെയ്ത സ്ഥലത്തിൻറെ ഗൂഗിൾ മാപ്പ് ലോക്കേഷനും ലഭിക്കുന്നു.
അപ്രകാരം ലഭിക്കുന്ന സന്ദേശം ഉപയോഗിച്ച് സ്ഥലം പരിചയമില്ലാത്ത ഏതൊരാൾക്കും വാഹനം പാർക്ക് ചെയ്ത സ്ഥലത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായമാകും. കൂടാതെ ഇങ്ങനെ പലസ്ഥലത്തു നിന്നും രജിസ്റ്റർ ചെയ്യുന്ന പാർക്കിംങ് വിവരങ്ങൾ ഒരു വെബ് സൈറ്റ് ലിങ്ക് വഴി എല്ലാവർക്കും കാണുന്നതിനായി അവസരമൊരുക്കിയിരിന്നു. ഇതു മൂലം എല്ലാ പാർക്കിംങ് സ്ഥലങ്ങളിലേയും എത്ര വാഹനങ്ങൾ പാർക്കു ചെയ്തു, അതിൽ കാറുകൾ, ഇരു ചക്ര വാഹനങ്ങൾ എന്നിവ എത്രയാണ്, ഇനി എത്രയെണ്ണം വാഹനങ്ങൾ പാർക്ക് ചെയ്യാം എന്ന കൃത്യമായ വിവരങ്ങൾ അപ്പപ്പോൾ തന്നെ എല്ലാവർക്കും അറിയാൻ സാധിക്കുകയും അതുവഴി അവർക്ക് ഒഴിവുള്ള പാർക്കിംങ് സ്ഥലങ്ങൾ കണ്ടെത്തി അവിടെ പാർക്ക് ചെയ്യാനും സാധിക്കുന്നതാണ്.