06/08/2026
ഡിജിറ്റൽ യുഗത്തിലെ ഫോട്ടോഗ്രാഫി: ഒരു ഓർമ്മപ്പെടുത്തലും ഇന്നത്തെ യാഥാർത്ഥ്യവും
1995-ന്റെ കാലഘട്ടങ്ങൾ... സ്കൂൾ വിദ്യാഭ്യാസവും പ്രീഡിഗ്രിയുമൊക്കെ കഴിഞ്ഞ്, ഫോട്ടോഗ്രാഫിയോട് അടങ്ങാത്ത അഭിമുഖ്യവുമായി ഒരുപാട് കുട്ടികൾ സ്റ്റുഡിയോകളുടെ വാതിലുകൾക്കരികിൽ വന്നിരുന്നു. "സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫി പഠിപ്പിച്ചു തരുമോ? ഇവിടെ ഒരു സഹായത്തിന് നിന്നോട്ടെ?" എന്ന അവരുടെ ചോദ്യങ്ങൾക്ക് പിന്നിൽ വലിയൊരു സമർപ്പണമുണ്ടായിരുന്നു. നെഗറ്റീവ് റോൾ മാറ്റുന്നതും, ഡാർക്ക് റൂമിലെ കെമിക്കൽ മണവും, പ്രകാശത്തിന്റെ കൃത്യമായ അളവും, ഒരു ഫ്രെയിം കയ്യിൽ കിട്ടാൻ ദിവസങ്ങളോളം കാത്തിരിക്കുന്ന ക്ഷമയും ഒക്കെയായിരുന്നു അന്ന് ഫോട്ടോഗ്രാഫി. അതൊരു തൊഴിൽ പഠനത്തോടൊപ്പം വലിയൊരു ത്യാഗവും കൂടിയായിരുന്നു.
എന്നാൽ ഇന്ന് കാലം എത്ര പെട്ടെന്നാണ് മാറിമറിഞ്ഞത്! ക്യാമറ വാങ്ങാൻ ഒരു ഷോപ്പിൽ ചെന്നാൽ മതി, അവിടുന്ന് തന്നെ ഒരു ദിവസത്തെ ചെറിയൊരു ക്കോഴ്സിലൂടെ അല്ലെങ്കിൽ ഡെമോ ക്ലാസ്സിലൂടെ ഫോട്ടോയും വീഡിയോയും എടുക്കാൻ ഇന്നത്തെ തലമുറ പഠിക്കുന്നു. സ്മാർട്ട്‌ഫോണുകളുടെയും ഹൈ-ടെക് ഡിജിറ്റൽ ക്യാമറകളുടെയും ഓട്ടോമാറ്റിക് ഫീച്ചറുകൾ ആർക്കും പെട്ടെന്ന് തന്നെ ഫോട്ടോഗ്രാഫി വഴങ്ങിക്കൊടുക്കുന്നുണ്ട്.
ഇന്ന് ഫോട്ടോഗ്രാഫി മേഖലയിൽ വരുമാനം ധാരാളമായി വരുന്നുണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്. എന്നാൽ, ഈ സാങ്കേതിക വളർച്ചയ്ക്കിടയിലും പല പുതിയ ഫോട്ടോഗ്രാഫർമാർക്കും ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനപരമായിട്ടുള്ള ശാസ്ത്രീയമായ അറിവുകളോ ആഴത്തിലുള്ള കാഴ്ചപ്പാടോ നഷ്ടപ്പെടുന്നുണ്ടോ?
ലെൻസിന്റെ സാങ്കേതികതകൾ, ലൈറ്റിംഗിന്റെ ആഴം, ഒരു ചിത്രത്തിന് പിന്നിലെ കഥ പറയുന്ന കമ്പോസിഷൻ... തുടങ്ങിയ അടിസ്ഥാന പാഠങ്ങൾ പലപ്പോഴും ഇന്നത്തെ 'ഒരു ദിവസത്തെ ക്ലാസുകളിൽ' കിട്ടാക്കനിയാണ്. വരുമാനത്തിനൊപ്പം തന്നെ ഫോട്ടോഗ്രാഫി ഒരു കലയാണെന്ന തിരിച്ചറിവും, അതിന്റെ ആഴത്തിലുള്ള അടിസ്ഥാന വിദ്യാഭ്യാസവും ഇന്നത്തെ കാലത്ത് വീണ്ടും ചർച്ച ചെയ്യപ്പെടേണ്ടതല്ലേ?