14/04/2024
വീണ്ടും ഒരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് നമ്മൾ അടുക്കുന്നു,
ഏതു തിരഞ്ഞെടുപ്പാണെങ്കിലും ഏത് ഉറച്ച മണ്ഡലം ആണെങ്കിലും വോട്ട് വിനിയോഗിക്കുക എന്നത് നമ്മുടെ ഓരോ ആളുടെയും ഉത്തരവാദിത്വമാണ്.
ജനാധിപത്യ രാജ്യത്ത് എല്ലാ ആളുകളെയും കണ്ട് വോട്ട് ചോദിക്കാനും പ്രചാരണം നടത്താനുമുള്ള അവകാശം എല്ലാ പാർട്ടികൾക്കും വ്യക്തികൾക്കും ഉണ്ട്. എന്നാൽ നാം ആർക്ക് വോട്ട് കൊടുക്കണമെന്ന് നമ്മളാണ് തീരുമാനിക്കുന്നത്. വീട്ടിൽ/ സ്ഥാപനങ്ങളിൽ വോട്ട് ചോദിച്ചു വരുന്ന ആളുകളെ ഒരിക്കലും അപമാനിക്കാനോ നിന്ദിക്കാനോ പാടില്ല, എന്ന് വെച്ച് അവർ പറയുന്നതെല്ലാം അക്ഷരം പ്രതികേട്ട് തലയാട്ടണമെന്നില്ല. നിങ്ങൾക്ക് നിങ്ങളോട് വോട്ട് ചോദിച്ചുവരുന്നവരുടെ പാർട്ടിയുടെ നയങ്ങളെ പറ്റി അവരോട് തന്നെ മാന്യമായ രീതിയിൽ തുറന്നു സംസാരിക്കാം. എതിർപ്പ് ആണെങ്കിൽ എതിർപ്പ് അറിയിക്കാം, അവരുടെ പോരായ്മകളെ കുറിച്ചും പറയാം, അല്ലാതെ അവർ വോട്ട് ചോദിച്ചു വരുന്ന സമയത്ത് ചിരിച്ചു കൊണ്ട് പരിഗണിക്കാം എന്നാൽ ശരി എന്ന് പറഞ്ഞു വിടണം എന്ന് അർത്ഥമില്ല, നിങ്ങളുടെ കഴിഞ്ഞ ഭരണത്തിൽ നിങ്ങളുടെ സർക്കാരിൻറെ ഈ ഇടപെടലുകളെല്ലാം ഞങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട് ഈ നയങ്ങളെല്ലാം ജനദ്രോഹപരമായി നയങ്ങളാണ് എന്നെല്ലാം തുറന്ന് സംസാരിക്കാനുള്ള ആർജ്ജവവും രാഷ്ട്രീയ ബോധ്യവും നമുക്ക് ഓരോരുത്തർക്കും വേണം,
ജനങ്ങളുടെ പ്രതിഷേധങ്ങൾ പാർട്ടി അണികളും അറിയട്ടെ. പ്രതിഷേധത്തിന് റോഡ് മുടക്കി സമരം വിളിച്ചും ജാഥകൾ നയിച്ചും തന്നെ ആവണം എന്ന രീതി ഒന്നുമില്ലല്ലോ, ഇനിമുതൽ നമുക്ക് ഈ രീതിയും ഇവരോട് പ്രയോഗിക്കാം. പൊതുജനങ്ങൾക്ക് തങ്ങളുടെ പ്രതിഷേധങ്ങളും വിയോജിപ്പിക്കുകളും അറിയിക്കാൻ ഇതിലും നല്ല മാർഗ്ഗം ഒന്നുമില്ല.
പിന്നെ വേറെ ഒരു ടീമുണ്ട് വീട്ടിൽ എന്തായാലും നാലു വോട്ടില്ല രണ്ടെണ്ണം ഞങ്ങടെ പാർട്ടിക്ക് തന്നൂടെ എന്ന് ചോദിക്കുന്ന ഒരു ടീം, നമ്മുടെ വോട്ടിൽ രണ്ടെണ്ണം ഒരു പാർട്ടിക്കും രണ്ടെണ്ണം മറ്റേ പാർട്ടിക്കും എന്ന രീതിയിൽ വീതിച്ചു കൊടുക്കാൻ കല്യാണത്തിന് ആളെ ക്ഷണിക്കാൻ വന്നതല്ലല്ലോ, നമ്മളെ അടുത്ത അഞ്ചുവർഷത്തേക്ക് ഭരിക്കാനുള്ള അവകാശം ചോദിച്ചു വന്നതാണ്. തീർച്ചയായിട്ടും അവരുടെ മുൻകാല നടപടികളും ചെയ്തികളും വിലയിരുത്തി അവരുടെ ഭരണ മികവിനുള്ള അംഗീകാരമോ ഭരണ പരാജയത്തിനുള്ള താക്കീതോ ആവണം നമ്മുടെ ഓരോ വോട്ടുകളും എന്ന് ഓർമിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായത്തിൽ പ്രധാന ഭരണ നേട്ടങ്ങൾ / ജനദ്രോഹ നടപടികൾ / ഭരണ പരാജയങ്ങൾ കമൻ്റിൽ എഴുതൂ